പ്രായപൂർത്തിയാകാത്ത ശിഷ്യയോട് ലൈംഗികാതിക്രമം നടത്തിയ കളരി ആശാന് കഠിന തടവും പിഴയും
ഹരിപ്പാട് :- കളരിയിൽ പഠിക്കാനെത്തിയ പന്ത്രണ്ട് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കളരി ഗുരുവായ കരുവാറ്റവടക്ക് മുറിയിൽ എണ്ണയ്ക്കാട്ടുചാലിൽ വീട്ടിൽ 47 വയസ്സുള്ള പ്രദീപിനെയാണ് ഹരിപ്പാട് അതിവേഗ പോക്സോ കോടതി ജഡ്ജി ഹരീഷ്. ജി വിവിധ വകുപ്പുകളിലായി പതിനേഴു വർഷം കഠിനതടവിനും ഒരു ലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപ പിഴ ഒടുക്കാനും പിഴ ഒടുക്കാത്ത പക്ഷം പതിനാല് മാസം അധിക തടവിനും ശിക്ഷിച്ചത്. 2025 ഫെബ്രുവരി മാസത്തിൽ അമ്പലപ്പുഴ ഇൻസ്പെക്ടറായിരുന്ന പ്രതീഷ് കുമാർ രജിസ്റ്റർ ചെയ്ത കേസിൽ തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് എസ്. ഐ ആയിരുന്ന ഹാഷിം കെ.എച്ച് ആണ്. എസ്. ഐ അനീഷ് കെ ദാസ് , സീനിയർ സി. പി.ഒ മുഹമ്മദ് ഷഫീഖ്, സി.പി.ഒ മാരായ ജയിംസ്, അനു ആൻ്റപ്പൻ, അഞ്ജു രാജു എന്നിവർ അന്വേഷണത്തെ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. രഘു . എസ് ഹാജരായി. ഏ.എസ്.ഐ മാരായ വാണി പീതാംബരൻ, സതീഷ് കെ. സി എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകീകരിച്ചു.