കല്യാണം കൂടാൻ എത്തിയ യുവാക്കൾക്ക് നേരെ ആക്രമണം, പ്രതികൾ പിടിയിൽ
കല്യാണം കൂടാൻ വേണ്ടി വന്ന് റൂം എടുത്തു താമസിച്ച യുവാക്കൾക്കു നേരെ ആക്രമണം നടത്തിയ കേസിൽ പ്രതികൾ പിടിയിൽ. കൊലപാതകം ഉൾപ്പടെ നിരവധി കേസിലെ പ്രതിയായ മണ്ണാറശാല മഹേഷും സംഘവും ചേർന്നാണ് ആക്രമണം അഴിച്ചു വിട്ടത്. തുലാം പറമ്പ് മഹേഷ് ഭവനത്തിൽ മഹേഷ്, തുലാം പറമ്പ് പുളിമൂട്ടിൽ തെക്കതിൽ സുമേഷ്, തുലാം പറമ്പ് രാഗം വീട്ടിൽ വിനായക് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അനന്തപുരത്തുള്ള സുഹൃത്തിൻറെ കല്യാണം കൂടാൻ വന്ന കാർത്തികപള്ളി സ്വദേശി മനോജിനെയും കൂട്ടുകാരെയും ആണ് ആക്രമിച്ചത്. മഹേഷിന്റെ കാർ പുറകോട്ട് എടുത്തപ്പോൾ മറ്റൊരു വണ്ടിയിൽ തട്ടിയതിലുണ്ടായ വാക്ക് തർക്കം ആണ് അടിപിടിയിൽ കലാശിച്ചത്. മഹേഷ് അവിടെ ഉണ്ടായിരുന്ന ഒരു ഹെൽമെറ്റ് ഉപയോഗിച്ച് മനോജിന്റെ തലക്കും മൂക്കിന്റെ അസ്ഥിക്കും പരിക്കേൽപ്പിച്ചു. മനോജിന്റെ കൂടെ ഉണ്ടായിരുന്നവരെ മഹേഷിന്റെ കൂടെ വന്നവർ മാരകമായി ഉപദ്രവിച്ചു. മൂക്കിനും തലക്കും പറ്റിയ പരിക്ക് ഗുരുതരമായതിനാൽ പരിക്കുപറ്റിയവർ വിദഗ്ധ ചികിത്സ തേടി. പ്രതികൾക്കെതിരെ വധശ്രമത്തിന് ഹരിപ്പാട് പോലീസ് കേസ് എടുത്തു. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ സിഐ B വിനോദ് കുമാർ, എസ്ഐ മാരായ ഉദയകുമാർ, രാകേഷ്, എഎസ്ഐ മാരായ ശിഹാബ്, പ്രമോദ്, സിപിഒമാരായ നിഷാദ്, വൈശാഖ് ,മിഥുൻ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.