
വ്യാജ സോഷ്യൽ മീഡിയ പ്രൊഫൈൽ വഴി യുവതിയുടെ പേരിൽ പണം തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ
വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നും യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് പെയ്ഡ് വീഡിയോ കോൾ ചെയ്യാൻ എന്ന പേരിൽ അശ്ലീല പോസ്റ്റുകൾ ഇട്ട് പലരിൽ നിന്നും പണമയച്ചുവാങ്ങിയ പ്രതിയെ ആലപ്പുഴ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിൽ പാണ്ടിക്കാട് കൊളപ്പറമ്പ് പി ഓ യിൽ പറമ്പത്ത് വീട്ടിൽ മുഹമ്മദ് ബഷീർ (47) എന്നയാളാണ് അറസ്റ്റിലായത്. ആലപ്പുഴ സ്വദേശിയായ യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് യുവതിയാണെന്ന വ്യാജേന അരമണിക്കൂർ വീഡിയോ കോളിന് 200 രൂപ എന്നു ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിനെക്കുറിച്ചു യുവതി പരാതിപ്പെട്ടതിനെത്തുടർന്നു കഴിഞ്ഞ ജൂലൈ 28 നു ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതി ഉപയോഗിച്ച വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിന്റെ ലിങ്കും പണമയച്ചു വാങ്ങാൻ ഉപയോഗിച്ച ക്യു ആർ കോഡും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഇയാളെ കണ്ടെത്തിയത്. വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ക്രിയേറ്റ് ചെയ്യാനുപയോഗിച്ച ഫോൺ നമ്പറും യുവതിയുമായി വീഡിയോ കാൾ ചെയ്യാൻ എന്ന പേരിൽ പണമയച്ചു വാങ്ങാൻ ഉപയോഗിച്ച ബാങ്ക് അക്കൗണ്ടും പ്രതിയുടെ പേരിലുള്ളതാണെന്ന് തെളിഞ്ഞിട്ടുള്ളതാണ്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വ്യാജ പോസ്റ്റുകൾ ഇടാനുപയോഗിച്ച മൊബൈൽ ഫോൺ, 2 സിംകാർഡുകൾ സഹിതം അറസ്റ്റ് ചെയ്തത്. ഈ പോസ്റ്റിലെ ക്യു ആർ കോഡ് വഴി പലരിൽ നിന്നും തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണമയച്ചു വാങ്ങിയതായി പ്രതി പോലീസിനോട് പറഞ്ഞു. ആലപ്പുഴ ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ടി കെ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ഡിസിആർബി ഡിവൈഎസ്പി അനന്തലാലിന്റെ മേൽനോട്ടത്തിൽ ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഹണി കെ ദാസ്, സിപിഒ മാരായ റികാസ് കെ, മിഥുൻനാഥ് എന്നിവരടങ്ങുന്ന സംഘം മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് എത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. യുവതിയുടെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത ഫോട്ടോയാണ് പ്രതി ഇതിനായി ഉപയോഗിച്ചതെന്നും പൊതുജനങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പ്രൈവറ്റ് ആക്കി ഉപയോഗിക്കുന്നത് ഇത്തരത്തിൽ വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം തടയാൻ സഹായിക്കുമെന്നും പോലീസ് അറിയിച്ചു.