‘എല്ലാവർക്കും ബിരുദം’; ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ UG, PG പ്രവേശനം ആരംഭിച്ചു
കൽപ്പറ്റ: ‘എല്ലാവർക്കും ബിരുദം’ എന്ന ആശയവുമായി ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ UG, PG പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചതായി അധികൃതർ വയനാട് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഡ്യൂവൽ ഡിഗ്രി സൗകര്യത്തോടെ ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിംഗ് രീതിയിൽ 30 UG, PG പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. ഓഗസ്റ്റ് 25 വരെ www.sgou.ac.in, erp.sgou.ac.in എന്നീ വെബ്സൈറ്റുകൾ വഴി ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാം.
സംസ്ഥാനത്ത് അഞ്ച് റീജണൽ സെന്ററുകൾക്ക് കീഴിൽ 55 പഠനകേന്ദ്രങ്ങളാണുള്ളത്. തലശേരി റീജണൽ സെന്ററിന് കീഴിലുള്ള വയനാട്ടിൽ കൽപ്പറ്റ എൻ.എം.എസ്.എം. ഗവ. കോളജ്, ബത്തേരി സെന്റ് മേരീസ് കോളജ്, മാനന്തവാടി ഗവ. കോളജ് എന്നിവ പഠനകേന്ദ്രങ്ങളാണ്.
സംസ്ഥാന സാക്ഷരതാ മിഷന്റെ സഹകരണത്തോടെ എല്ലാ ജില്ലകളിലും അഡ്മിഷൻ ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കുന്നുണ്ട്. യു.ജി.സി നിർദേശപ്രകാരം പ്രവേശനത്തിന് മുന്നോടിയായി വിദ്യാർഥികൾ ABC-ID, DEB-ID എന്നിവ എടുക്കണം.
അഡ്മിഷന് ടി.സി നിർബന്ധമല്ല. പ്രായപരിധിയോ മാർക്ക് മാനദണ്ഡമോ ഇല്ലെന്നും അധികൃതർ അറിയിച്ചു. പ്രോഗ്രാം ഫീസ്, റീജണൽ സെന്ററുകൾ, സപ്പോർട്ട് സെന്ററുകൾ, യോഗ്യത തുടങ്ങിയ വിശദാംശങ്ങൾ സർവകലാശാലയുടെ വെബ്സൈറ്റിൽ ലഭിക്കും.
അഡ്മിഷൻ സംബന്ധിച്ച സഹായത്തിന് 9188909901, 9188909902 എന്നീ നമ്പറുകളിലും സാങ്കേതിക തടസങ്ങൾ പരിഹരിക്കുന്നതിന് 9188909903 എന്ന നമ്പറിലും ബന്ധപ്പെടാം.
വൈസ് ചാൻസലർ പ്രഫ. ഡോ. വി.പി. ജഗതിരാജ്, റീജണൽ സെന്റർ ഡയറക്ടർ ഡോ. കെ.എസ്. സുരേഷ്കുമാർ, ലേണേഴ്സ് സപ്പോർട്ട് സെന്റർ കോ-ഓർഡിനേറ്റർ ഡോ. എൻ.ജി. ജോബി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
#newsonewayanad