ആശാൻ കവലയിൽ റോഡിൽ മാർഗതടസ്സം സൃഷ്ടിച്ച് ഉച്ചത്തിൽ പാട്ടുവെച്ച് നൃത്തം ചെയ്തു ; പോലീസുദ്യോഗസ്ഥരെ ആക്രമിച്ച നാല് പ്രതികൾ റിമാൻഡിൽ
ആലപ്പുഴ: ആശാൻ കവല റെയിൽവേ ക്രോസിന് സമീപം റോഡിൽ മാർഗതടസ്സം സൃഷ്ടിച്ച് ഉച്ചത്തിൽ പാട്ടുവെച്ച് നൃത്തം ചെയ്തതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസുദ്യോഗസ്ഥരെ ദേഹോപദ്രവമേൽപ്പിച്ച നാല് പ്രതികളെ ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.ആലപ്പുഴ മുനിസിപ്പൽ മംഗലം വാർഡിൽ കാഞ്ഞിരംചിറ സ്വദേശികളായ ആഞ്ഞിലിപറമ്പിൽ വീട്ടിൽ അർജുൻ (25), പനക്കൽ വീട്ടിൽ സിജിൻ (23), ആഞ്ഞിലിപറമ്പിൽ വീട്ടിൽ അഭിഷേക് (23), വാവക്കാട്ടുശ്ശേരി ആഷിലിൻ (23) എന്നിവരാണ് അറസ്റ്റിലായത്.2026 നവംബർ 11-ന് വൈകിട്ട് 6.15-ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. ആശാൻ കവല റെയിൽവേ ക്രോസിന് സമീപം റോഡിൽ ഗതാഗത തടസ്സമുണ്ടാക്കി ഉച്ചത്തിൽ പാട്ടുവെച്ച് നൃത്തം ചെയ്ത പ്രതികളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസുദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായത്.ഇതിനുമുമ്പും സമാനമായ രീതിയിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിൽ ഉച്ചത്തിൽ പാട്ടുവെച്ച് നൃത്തം ചെയ്തതിനെ തുടർന്ന് നോർത്ത് പോലീസ് സ്ഥലത്തെത്തി ഇവരെ പിരിച്ചുവിട്ടിരുന്നു. പ്രതികൾ നേരത്തെയും എൻ.ഡി.പി.എസ്., അടിപിടി കേസുകളിൽ പ്രതികളാണെന്ന് പോലീസ് അറിയിച്ചു.സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികൾക്കെതിരെ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് ആലപ്പുഴ നോർത്ത് പോലീസ് അറിയിച്ചു.