വിസ നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ ആളെ എറണാകുളത്തു നിന്നും അറസ്റ്റ് ചെയ്തു
കാനഡ ഓസ്ട്രേലിയ യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് ജോലി തരപ്പെടുത്തി കൊടുക്കാം എന്ന് പറഞ്ഞ് നിരവധി ആളുകളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ ആളെ മലയാലപ്പുഴ പോലീസ് എറണാകുളത്തു നിന്നും അറസ്റ്റ് ചെയ്തു.
എറണാകുളം ലോ കോളേജിന് സമീപം മാർക്കറ്റ് റോഡിൽ XL 1374 - ൽ ലോറൻസ് ജോസഫ് കൊറേയാ യുടെ മകൻ റെമോ സാവിയോ കൊറേയാ (36) ആണ് പിടിയിലായത്.
കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി സ്ഥലങ്ങളിൽ നിന്നായി ദശലക്ഷക്കണക്കിന് രൂപയാണ് ഇയാൾ പലരിൽ നിന്നായി ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത്. ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തതിന് ഇയാൾക്കെതിരെ കണ്ണൂർ കേളകം, തിരുവനന്തപുരം മാള , ഹരിപ്പാട് , എറണാകുളം സൗത്ത് , പുത്തൻവേലിക്കര എറണാകുളം ടൗൺ നോർത്ത് തുടങ്ങി നിരവധി സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്.
മലയാലപ്പുഴ സ്വദേശിയായ യുവാവിൽ നിന്നും കാനഡയിൽ ജോലിക്കുള്ള വിസ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 3,25,000 രൂപ വാങ്ങിയിട്ട് വിസയും ജോലിയും ശരിയാക്കി നൽകാതെ കബളിപ്പിച്ചു എന്നതാണ് കേസ്. 2022 ഡിസംബറിലാണ് ഇയാൾ വിസക്കായി പൈസ വാങ്ങിയത്. ഇതുവരെ വിസ ലഭിക്കാതെയും പണം തിരികെ ലഭിക്കാതെയും വന്നപ്പോൾ മലയാലപ്പുഴ സ്വദേശിയായ യുവാവ് മലയാലപ്പുഴ സ്റ്റേഷനിൽ പരാതിയുമായി എത്തുകയായിരുന്നു.
കേസ് രജിസ്റ്റർ ചെയ്തതായും മലയാലപ്പുഴ പോലീസ് തന്നെ അന്വേഷിക്കുന്നതായും അറിഞ്ഞ പ്രതി പല സ്ഥലങ്ങളിലായി ഒളിച്ച് താമസിക്കുകയായിരുന്നു. വിവിധയിടങ്ങളിൽ ഇയാൾക്കായി തെരച്ചിൽ നടത്തിയ മലയാലപ്പുഴ പോലീസ് എറണാകുളത്ത് ഇയാളുടെ സാന്നിധ്യം മനസ്സിലാക്കി അവിടെയെത്തി അറസ്റ്റ് ചെയ്തു.
മലയാലപ്പുഴ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ (SHO) ഷാൻ NS, SCPO ഡിക്രൂസ് , CPO മാരായ ശ്രീജിത്ത്പ്രകാശ് , ഗോപകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Kerala, India | Sep 15, 2026