
എംഡി എം എ കേസിൽ തുടരന്വേഷണം, അന്തർ സംസ്ഥാന ലഹരി മാഫിയ സംഘത്തിലെ കണ്ണി പിടിയിൽ
കായംകുളം പോലീസ് സ്റ്റേഷനിൽ 35.95 ഗ്രാം MDMA വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ചതിൽ 26-08-2026 തീയതി രജിസ്റ്റർ ചെയ്ത കേസിൽ നടത്തിയ തുടരന്വേഷണത്തിലാണ് അന്തർ സംസ്ഥാന ലഹരി മാഫിയ സംഘത്തിലെ കണ്ണി പിടിയിലായത്. 26-08-2026ൽ എംഡി എം എയുമായി പിടിയിലായ ആകാശ് , സജി മോൻ എന്നിവരെ കസ്റ്റഡിയിൽ വാങ്ങിച്ച് ചോദ്യം ചെയ്ത് നടത്തിയ അന്വേഷണത്തിൽ കൂടുതൽ പ്രതികൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന സൂചനകൾ പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അന്തർ സംസ്ഥാന ലഹരി മാഫിയ കണ്ണിയും കുപ്രസിദ്ധ ഗുണ്ടകളുമായ മരട് അനീഷ്, ഭായ് നസീർ എന്നിവരുടെ കൂട്ടാളിയായ വള്ളികുന്നം പുത്തൻ കണ്ടത്തിൽ വീട്ടിൽ സജയ് ജിത്ത്, കായംകുളം പോലീസിന്റെ പിടിയിൽ ആയത്. ആകാശ്, സജി മോൻ എന്നിവർക്ക് എംഡിഎംഎ വിൽപ്പനയ്ക്കായി നൽകിയത് സജയ് ജിത്ത് ആണ്. എറണാകുളം കേന്ദ്രീകരിച്ച് ആലപ്പുഴ ജില്ലയിൽ തെക്കൻ പ്രദേശങ്ങൾ ലഹരിമരുന്ന് വിൽപ്പന നടത്തിക്കൊണ്ടിരുന്നതിൽ പ്രധാനിയും വള്ളികുന്നം സ്റ്റേഷനിൽ കൊലപാതക കേസ് പ്രതിയുമാണ് സജയ് ജിത്ത്. കായംകുളം ഡിവൈഎസ്പി രാജപ്പൻ റ്റി യുടെ നിർദ്ദേശാനുസരണം CI രജീഷ് കുമാർ SI സജിത് മോൻ,ASI റെജി,CPO മാരായ അഖിൽ മുരളി,അഖിൽ കുമാർ, ആദർശ് ,റിയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കർശന പരിശോധനകൾ നടത്തുമെന്ന് കായംകുളം പോലീസ് അറിയിച്ചു.