അമരം’26 ജെ.സി.ഐ സോൺ 22 വാർഷിക സമ്മേളനത്തിന് സമാപനം
പുന്നപ്ര: ജെ.സി.ഐ പുന്നപ്രയുടെ ആതിഥേയത്വത്തിൽ ചങ്ങനാശ്ശേരി കോൺടൂർ ബാക്ക്വാട്ടേഴ്സ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ജൂനിയർ ചേംബർ ഇന്റർനാഷണൽ (JCI) ഇന്ത്യ സോൺ 22-ന്റെ ത്രിദിന വാർഷിക സമ്മേളനം അമരം’26 സമാപിച്ചു.
അമ്പലപ്പുഴ എം.എൽ.എ ജി. സുധാകരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. തിരുവല്ല എം.എൽ.എ അഡ്വ. വർഗീസ് മാമൻ മുഖ്യാതിഥിയായി. ജെ.സി.ഐ മുൻ അന്തർദേശീയ പ്രസിഡന്റ് ഷൈൻ ഭാസ്കർ മുഖ്യപ്രഭാഷണം നടത്തി. സോൺ 22 പ്രസിഡന്റ് ശ്യാം മോഹൻ അധ്യക്ഷത വഹിച്ചു.
ഹോസ്റ്റ് പ്രസിഡന്റ് റിസാൻ എ. നസീർ, കോൺഫറൻസ് ഡയറക്ടർ നസീർ സലാം, ദേശീയ പ്രതിനിധികളായ അശോക് ഭട്ട്, അഷ്റഫ് ഷെരീഫ്, ജെയ്സീസ് അലൂമിനി ക്ലബ് സോൺ പ്രസിഡന്റ് ഹാഷിം മുഹമ്മദ്, ജെയ്സീസ് ചേംബർ ഓഫ് കൊമേഴ്സ് സോൺ പ്രസിഡന്റ് രഞ്ജു ക്രിസ്റ്റസ്, ജെ.സി.ഐ സോൺ 22-ന്റെ 2027-ലെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കിഷൻ രാജ് തുടങ്ങിയവർ സംസാരിച്ചു.
ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നായി ആയിരത്തോളം പ്രതിനിധികൾ മൂന്ന് ദിവസങ്ങളിലായി നടന്ന വിവിധ സമ്മേളനങ്ങളിൽ പങ്കെടുത്തു.