
ഓൺലൈൻ തട്ടിപ്പിലൂടെ 1.5 കോടി രൂപ തട്ടിയ സംഘത്തിലെ ഒരാൾകൂടി
റിമാൻഡിൽ
ഓൺലൈൻ ഷെയർ ട്രേഡിങിന്റെ പേരിൽ ആലപ്പുഴ മാവേലിക്കര സ്വദേശിയിൽ നിന്ന് പണം തട്ടിയ കേസിൽ കോഴിക്കോട് സ്വദേശിയായ പ്രതി റിമാൻഡിലായി. പരാതിക്കാരനിൽ നിന്നും തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചുവാങ്ങി ATM വഴി പിൻവലിച്ച കോഴിക്കോട് താമരശ്ശേരി താലൂക്കിൽ പുത്തൂർ പി ഓ യിൽ മാക്കിൽ വീട്ടിൽ അസീസ് മകൻ ഷിജിലാസ് (24 വയസ്സ്) എന്നയാളെയാണ് ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.
തട്ടിപ്പുകാർ പരാതിക്കാരനെ സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ട് സ്വകാര്യ ഷെയർ ട്രേഡിങ്ങ് കമ്പനിയുടെ പ്രതിനിധിയാണെന്ന് പരിചയപ്പെടുത്തി വ്യാജ ഷെയർ ട്രേഡിങ്ങ് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യിപ്പിച്ച് ഇതിൽ പരാതിക്കാരനെകൊണ്ട് അക്കൗണ്ട് ക്രിയേറ്റ് ചെയ്യിപ്പിക്കുകയും തുടർന്ന് ഈ വെബ്സൈറ്റിലൂടെ പ്രതികൾ നിർദ്ദേശിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് പരാതിക്കാരൻ പണമയച്ചു കൊടുക്കുകയും ചെയ്തു. ഇത്തരത്തിൽ 1.5 കോടി രൂപയാണ് പരാതിക്കാരൻ പ്രതികൾക്ക് അയച്ചുകൊടുത്തത്.
പരാതിക്കാരൻ അയച്ചുകൊടുത്ത പണം വ്യാജ വെബ്സൈറ്റിലെ പരാതിക്കാരന്റെ അക്കൗണ്ടിൽ ലാഭം സഹിതം പ്രദർശിപ്പിച്ചു വിശ്വസിപ്പിച്ചാണ് പ്രതികൾ തട്ടിപ്പ് തുടർന്നത്. എന്നാൽ ഇതിൽ നിന്നും പണം പിൻവലിക്കാൻ കഴിയാതെ വന്നപ്പോൾ പരാതിക്കാരൻ ഇതേക്കുറിച്ചു അന്വേഷിക്കുകയും പണം പിൻവലിക്കണമെങ്കിൽ അവർ പറയുന്ന തുക വീണ്ടും നൽകേണ്ടി വരുമെന്നും തട്ടിപ്പുകാർ നിർബന്ധിക്കാൻ തുടങ്ങിയതോടെയാണ് പരാതിക്കാരന് ഇത് തട്ടിപ്പാണെന്ന് മനസിലായത്. തുടർന്ന് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതി നൽകുകയും ഇതിന്റെ അടിസ്‌ഥാനത്തിൽ ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
തുടർന്നുള്ള അന്വേഷണത്തിൽ പരാതിക്കാരന് നഷ്‌ടമായ പണം അറസ്റ്റിലായ പ്രതി തന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു വാങ്ങിയതായി കണ്ടെത്തി. തുടർന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ശ്രീ.വിഷ്ണുപ്രതീപ് ടി കെ ഐ പി എസ് അവർകളുടെ നിർദ്ദേശപ്രകാരം ആലപ്പുഴ ഡിസിആർബി ഡിവൈഎസ്പി അനന്തലാലിന്റെ മേൽനോട്ടത്തിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഹണി കെ ദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കോഴിക്കോട് താമരശ്ശേരിയിലെത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ഓമശ്ശേരി പെട്രോൾ പമ്പിന് സമീപത്തു നിന്നും അറസ്റ്റ് ചെയ്തത്. ഇയാളുടെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ചു തമിഴ്നാട് സംസ്‌ഥാനത്തു മറ്റൊരു പരാതിയും നിലവിലുണ്ട്. ഇതേ കേസിൽ കണ്ണൂർ സ്വദേശിയായ മറ്റൊരു പ്രതിയെ മുൻപ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഹണി കെ ദാസ്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ രഞ്ജിത് ജെ, സിപിഒമാരായ ഗിരീഷ് എസ് ആർ, മിഥുൻനാഥ് എം എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്. ഈ കേസിലേക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചും ബാങ്ക് അക്കൗണ്ടുകൾ നിരീക്ഷിച്ചും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും ആലപ്പുഴ സൈബർ ക്രൈം പോലീസ് അറിയിച്ചു.