ഭാര്യയോട് മോശമായി സംസാരിച്ചു; ഭർത്താവിന്റെ കൊട്ടേഷൻ; പന്തളത്ത് യുവാവിനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതികൾ പിടിയിൽ
ക്രിമിനൽ സംഘത്തിലെ പ്രധാനിയുടെ ഭാര്യയോട് മോശമായി സംസാരിച്ചെന്ന് ആരോപിച്ച് പന്തളം തുമ്പമണിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി
ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതികൾ പന്തളം പോലീസിന്റെ പിടിയിൽ.
ഇലവുംതിട്ട മുട്ടത്തുകോണം സ്വദേശി രാമൻചിറ എന്ന സ്ഥലത്ത് തടത്തിവിളയിൽ വീട്ടിൽ ദീപക് ജോയ് ( 25 ), പ്രക്കാനം ചെന്നീർക്കര കാഞ്ഞിരം നിൽക്കുന്നതിൽ വീട്ടിൽ സജു സജി (24) , പ്രക്കാനം കൈപ്പിലാൽ പാറമേലേതിൽ ജോമോൻ മാത്യു (30), ഇലവുംതിട്ട നെടിയകാല എന്ന സ്ഥലത്ത് കോട്ടൂർ പാറ തടത്തിൽ വീട്ടിൽ അഭിജിത്ത് സജി (21) എന്നിവരെയാണ് പന്തളം പോലീസ് അതിസാഹസികമായി പിടികൂടിയത്.
തുമ്പമൺ സ്വദേശി അജയൻ എന്ന യുവാവിനെയാണ് പ്രതികൾ സംഘം ചേർന്ന് തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്. കഴിഞ്ഞമാസം 26ന് രാത്രി ഒരുമണിയോടെ വീട്ടിൽ നിന്നും വിളിച്ചിറക്കി ബൈക്കിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഉണർന്നുവന്ന് കാര്യം അന്വേഷിച്ച അജയന്റെ ഭാര്യയോട് ഇയാൾ ജോലി ചെയ്യുന്ന ഫാമിൽ ഒരാവശ്യമുണ്ടെന്ന് സംഘത്തിലെ ദീപക് എന്നയാൾ പറഞ്ഞിരുന്നു. ബൈക്കിൽ കയറ്റി കൊണ്ടു പോയശേഷം തുമ്പമൺ ജംഗ്ഷനിൽ വച്ച് മറ്റൊരു കാറിലേക്ക് ബലമായി പിടിച്ചു കയറ്റി ഒന്നാം പ്രതിയുടെ വീട്ടിലെത്തിക്കുകയായിരുന്നു.അവിടെ വച്ചായിരുന്നു ക്രൂരമായ മർദ്ദനം. വെള്ളം നിറച്ച സിറിഞ്ചുകൾ ശരീരത്തിൽ കുത്തിയിറക്കുകയും, മാരകായുധങ്ങൾ ഉപയോഗിച്ച് തല്ലിച്ചതക്കുകയും ചെയ്തു. മണിക്കൂറുകളോളം ഇവർ യുവാവിനെ മർദ്ദിച്ചു. ദീപക് ആയിരുന്നു ഏറ്റവും കൂടുതൽ ഉപദ്രവിച്ചത് എന്ന് യുവാവ് പരാതിയിൽ പറയുന്നു. ക്രൂര മർദ്ദനത്തിനുശേഷം,പ്രതിയായ ദീപക്കിന്റെ വീട്ടിൽ മർദ്ദനമേറ്റ അജയൻ രാത്രി അതിക്രമിച്ചു കയറിയരീതിയിൽ വീഡിയോ ചിത്രീകരിക്കുകയും ചെയ്തിരുന്നു. അവശനിലയിലായ യുവാവിനെ ഇവർ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. പരാതിപ്പെട്ടാൽ കുടുംബത്തെ ആകെ അപായപ്പെടുത്തുമെന്ന് അജയനെ ഭീഷണിപ്പെടുത്തിയിരുന്നു. പ്രധാന പ്രതിയായ ദീപക്ക് നാല് മാസംമുമ്പ് ജയിലിൽ ആയിരുന്ന സമയം ഇയാളുടെ ഭാര്യയോട് അജയൻ മോശമായി സംസാരിച്ചതിൻ്റെ പ്രതികാരത്തിലാണ് തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചത്. അജയന് ദീപക്കിനെ മാത്രമേ കണ്ട് പരിചയമുണ്ടായിരുന്നുള്ളു.
അജയൻ്റെ പരാതിയിൽ പന്തളം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി R ആനന്ദ് IPS ൻ്റെ നിർദ്ദേശപ്രകാരം പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. പന്തളം സിഐ ബാബു കുറുപ്പിൻ്റെ മേൽനോട്ടത്തിൽ പന്തളം എസ്എച്ച് ഒ എബിൻ പ്രസാദ് ,സിവിൽ പോലീസ് ഓഫീസർമാരായ എസ് അൻവർഷ, കൃഷ്ണലാൽ, ബി അരുൺ, ഒ അഖിൽ, വിജയ്, അനുപ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. ഇടുക്കി ചെറുതോണിയിൽ ഒളിവിൽ കഴിയുകയായിരുന്ന ദീപക്കിനെ അവിടെയെത്തി അതിസാഹസികമായി പന്തളം പോലീസ് കീഴടക്കുകയായിരുന്നു.
ദീപക്കിനെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റു പ്രതികളെ തിരിച്ചറിഞ്ഞത്. പ്രക്കാനത്തെ പ്രതികളിൽ ഒരാളുടെ വീട്ടിൽ ഒളിച്ചു കഴിയുന്നതിനിടെയാണ് ബാക്കി മൂവരേയും പിടികൂടിയത്. കൂടുതൽ പേർ കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യം പോലീസ് പരിശോധിച്ചു വരികയാണ്. പിടിയിലായവർ മറ്റ് നിരവധി ക്രിമിനൽ കേസുകളിലും പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ നാല് പ്രതികളെയും റിമാൻഡ് ചെയ്തു.
Kerala, India | Oct 6, 2026