
ചരക്കുലോറി ബൈക്കിന്റെപിന്നിലും കാറുകൾക്ക് പിന്നിലുമിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കൊട്ടാരക്കര മാറനാട് തെക്ക് ചരുവിള പുത്തൻവീട്ടിൽ കുഞ്ഞുമോന്റെയും ലാലിയുടെയും മകൻ പ്രത്യാശ് കുഞ്ഞുമോനാ(28)ണ് മരിച്ചത്.
ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇടമൺ സെന്ററിലെ പാസ്റ്ററാണ്. ചൊവ്വാഴ്ച വൈകിട്ട് നാലിന് എം.സി. റോഡിൽ പന്തളം തോന്നല്ലൂർ എസ്.എൻ.ഡി.പി. യോഗം യൂണിയൻ മന്ദിരത്തിന് സമീപമാണ് അപകടം. മാനന്തവാടിയിൽ നിന്നും ഏത്തവാഴക്കുലയും കയറ്റി കുണ്ടറയിലേക്ക് പോവുകയായിരുന്ന ലോറി പ്രത്യാശ് യാത്രചെയ്തിരുന്ന ബൈക്കിന് പിന്നിലും റോഡരികിൽ പാർക്കുചെയ്തിരുന്ന കാറുകൾക്ക് പിന്നിലും ഇടിക്കുകയായിരുന്നു. പരിക്കേറ്റ പ്രത്യാശിനെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഭയുടെ ചെങ്ങന്നൂർ മുളക്കുഴ മൗണ്ട് സിയോൺ ചർച്ച് ആസ്ഥാനത്ത് പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു പ്രത്യാശ്.
കാറുകളിൽ ഇടിച്ചശേഷം വൈദ്യുതി തൂണിലും ഇടിച്ച ശേഷമാണ് ലോറി മറിഞ്ഞത്. മറിഞ്ഞ ലോറിയിൽ നിന്ന് ഡ്രൈവർ സന്തോഷിനെ നാട്ടുകാർ ചേർന്ന് പുറത്തെടുത്തു. സന്തോഷിന് കാര്യമായ പരിക്കില്ല. നിർത്തിയിട്ടിരുന്ന കാറുകളിൽ യാത്രക്കാരില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ചെങ്ങന്നൂർ മൂലയുഴത്തിൽ രതീഷ്, ജെ.വി. മെറ്റൽസ് ഉടമ തുമ്പമൺ ആമ്പല്ലൂർ സന്തോഷ് കോശി എന്നിവരുടെ കാറാണ് ഇടിയിൽ തകർന്നത്. റോഡിന്റെ നടുഭാഗത്തേക്ക് ലോറി വീണ് കിടന്നതിനാൽ ഗതാഗത തടസവുമുണ്ടായി. പോലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി ക്രെയിനിന്റെ സഹായത്തോടെയാണ് ലോറി റോഡിനരികിലേക്ക് മാറ്റിയത്.
കൃപയാണ് മരിച്ച പ്രത്യാശിന്റെ സഹോദരി.
Kerala, India | Jun 24, 2026