കുന്നത്തുനാട്: പെരുമ്പാവൂർ മുടിക്കലിൽ വൃദ്ധയെ തലക്കടിച്ചു വീഴ്ത്തി സ്വർണാഭരണങ്ങൾ കവർന്നു
പെരുമ്പാവൂർ മുടിക്കലിൽ പട്ടാപ്പകൽ വൃദ്ധയായ വീട്ടമ്മയെ തലയ്ക്കടിച്ചു വീഴ്ത്തി സ്വർണ്ണം കവർന്നു. മുടിക്കൽ ക്വീൻ മേരീസ് സ്കൂളിന് സമീപം താമസിക്കുന്ന മേരി ഫ്രാൻസിസ് എന്ന 76 കാരിയെയാണ് തലക്കടിച്ച് വീഴ്ത്തിയത്. ഇന്ന് വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം. മേരി ഫ്രാൻസിസിന്റെ മാല, രണ്ടു വളകൾ, രണ്ടു മോതിരങ്ങൾ എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്. ചുറ്റിക ഉപയോഗിച്ച് ആണ് ഇവരെ അടിച്ചത് എന്ന് വീട്ടമ്മ പറയുന്നു. അടിയുടെ ആഘാതത്തിൽ തലയ്ക്ക് പരിക്കേറ്റ ഇവരെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുമ്പാവൂർ പോലീസ് അന്വേഷണം ആരംഭിച്ചു.