കുന്നംകുളം പാറേമ്പാടത്ത് ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്നും പുക ഉയർന്നത് പരിഭ്രാന്തിക്കിടയാക്കി. കനത്ത പുകയിൽ നിന്നും രക്ഷപ്പെടാൻ ബസ്സിൽ നിന്നും ചാടിയിറങ്ങിയ രണ്ട് പേർക്ക് നിസ്സാര പരിക്കേറ്റു. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം. കുന്നംകുളം ഭാഗത്തേക്ക് യാത്രക്കാരുമായി വരികയായിരുന്നു ബ്ലൂ ഡൈമണ്ട് ബസ്സിൽ നിന്നാണ് പുക ഉയർന്നത്. ഇതോടെ ബസ് നടു റോഡിൽ നിർത്തിയിട്ടു. ഡീസൽ പൈപ്പ് പൊട്ടിയതാണ് പുക ഉയരാൻ കാരണമെന്ന് പറയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.