എറണാകുളം ജനറൽ ആശുപത്രിയിൽ ലഹരി ഉപയോഗിച്ച യുവാവിന്റെ അതിക്രമം. ഇന്ന് ഉച്ചയ്ക്ക് 12 .30 ഓടെയാണ് യുവാവ് അതിക്രമം അഴിച്ചുവിട്ടത്. കമ്പ്യൂട്ടറുകളും, കാറിന്റെ ചില്ലും യുവാവ് അടിച്ചു തകർത്തു. 500 രൂപയും, ഷർട്ടും ആവശ്യപ്പെട്ട് എത്തിയ ശേഷമായിരുന്നു യുവാവ് അക്രമാസക്തനായത്. ജീവനക്കാർ യുവാവിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു എങ്കിലും യുവാവ് കൂടുതൽ പ്രകോപിതൻ ആവുകയായിരുന്നു. ഇതോടെ സ്ഥലത്തെത്തിയ പോലീസ് സംഘം യുവാവിനെ ബലം പ്രയോഗിച്ച് കീഴടക്കുകയായിരുന്നു. തുടർന്ന് യുവാവിനെ ജനറൽ ആശുപത്രിയിൽ തന്നെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു